മാള: സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മാള കോട്ടയ്ക്കൽ എസ്സിജിഎച്ച്എസ്എസിൽ യുവജനക്ഷേമ, കായിക മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർവഹിച്ചു. മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ താരതമ്യംചെയ്യുന്ന പ്രവണത രക്ഷിതാക്കൾ അവസാനിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടി മികച്ച മകനോ മികച്ച പൗരനോ ആകണമെന്നില്ല. പോരായ്മകൾ ഉള്ള വിദ്യാർഥികളെ മുന്നോട്ട് കൊണ്ടുവരാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രി പറഞ്ഞു.
ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കെ.എസ്. നൂർ സമാൻ എന്ന വിദ്യാർഥിക്ക് പ്രവേശനോത്സവത്തിന്റെ പ്രതീകമായി മന്ത്രി ഹരിശ്രീ കുറിച്ച് അക്ഷരവെളിച്ചം പകർന്നു. പഠനകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാർഥിയായ പി.ഡി. ഡെൽവിന് നൽകി അദ്ദേഹം നിർവഹിച്ചു.
വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് ലഹരിമാഫിയയെ തടയുന്നതിനായി സംസ്ഥാന പോലീസ് ആരംഭിച്ച ആന്റി-ഡ്രഗ് കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. തൃശൂർ റൂറൽ പരിധിയിലെ 500 സ്കൂളുകളിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശങ്ങൾ ആലേഖനംചെയ്ത നെയിം സ്ലിപ്പുകൾ ഇതിന്റെ ഭാഗമായി വിതരണം ചെയ്യും.
എസ്സിജിഎച്ച്എസ്എസിന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തയാറാക്കിയ സ്മരണിക മന്ത്രി ജനീഷ് പ്രകാശനംചെയ്തു. സ്കൂളിന്റെ പ്രഥമ ഹെഡ്മിസ്ട്രസായ സിസ്റ്റർ ജാനറ്റിനെ ചടങ്ങിൽ ആദരിച്ചു. പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂളിനുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം പ്രധാനാധ്യാപിക സിസ്റ്റർ ഗ്രേസ് മരിയ ഏറ്റുവാങ്ങി. പ്ലസ് ടു പരീക്ഷയിൽ ബയോ സയൻസ് വിഭാഗത്തിൽ 1200ൽ 1200 മാർക്കും വാങ്ങിയ കെ.എം. അസമിനെയും പരിപാടിയിൽ ആദരിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. എസ്എസ്കെ ഡിപിഒ കെ.ബി. ബ്രിജി പദ്ധതി വിശദീകരണം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. രാധാകൃഷ്ണൻ, സുനിത സജീവൻ, സിൽവി സേവിയർ, ഔസേപ്പച്ചൻ ജോസ്, റോസിലി ഫ്രാൻസിസ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ സാജൻ കൊടിയൻ, കാവ്യ രഞ്ജിത്ത്, വിദ്യാഭ്യാസ ഉപഡയറക്ടർ രോഹിത് നന്ദകുമാർ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനറ്റ് സിഎംസി, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
226 സർക്കാർ സ്കൂളുകളും 664 എയ്ഡഡ് സ്കൂളുകളും 77 അൺഎയ്ഡഡ് സ്കൂളുകളുമടക്കം ജില്ലയിലെ 1007 സ്കൂളുകളിലാണ് വിപുലമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചത്.